ഹരിപ്പാട്: സാന്ത്വന പരിചരണ മേഖലയിൽ സന്നദ്ധ സംഘടനകൾ നടത്തുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുകൃതം ഹരിപ്പാട് പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ഇന്ന് കേരള സമൂഹം പൂർണമായും തിരിച്ചറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. സുകൃതം ഹരിപ്പാട് മണ്ഡലം തല കോ-ഓർഡിനേറ്റർമാർക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആതുരസേവനരംഗത്ത് പ്രാദേശികമായി രൂപപ്പെടുന്ന ഇത്തരം കൂട്ടായ്മകൾ നിർധനരായ രോഗികൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. നിസ്വാർഥമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാകുന്ന സന്നദ്ധ സംഘടനകൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുകൃതം ഹരിപ്പാട് ചെയർമാൻ മുഞ്ഞിനാട്ട് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഫെസിലിറ്റേറ്റർ അബ്ദുൾ അസീസ്, കാർത്തിക് ശശി എന്നിവർ ശില്പശാലയ്ക്കു നേതൃത്വം നൽകി. സുകൃതം സെക്രട്ടറി അഡ്വ. എം.ബി. സജി, ജോൺ തോമസ്, കെ.കെ. സുരേന്ദ്രനാഥ്, അഡ്വ. വി. ഷുക്കൂർ, ശ്രീജ കുമാരി, സിന്ധു, ബി. ചന്ദ്രൻ, നാസറുദീൻ, കെ.എം. രാജു, കെ.കെ. ഹരീന്ദ്രനാഥ്, ഡോ. പി. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.